ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി വിജയ്. തമിഴ്‍നാട്ടിലെ കർഷകർക്കും, സിനിമാമേഖലയ്ക്കും ആശ്വാസകരമാവുന്ന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളിയതിനൊപ്പം സിനിമാ പ്രദർശനത്തിന് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ടിവികെ സർക്കാർ പുറത്തിറക്കിയത്.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയം വർദ്ധിപ്പിച്ചു. ഇതോടെ റിലീസായ സിനിമകൾ ആദ്യത്തെ ഒരാഴ്‌ച അഞ്ച് പ്രദർശനം വീതം ഒരു തിയേറ്ററിൽ നടത്താനാകും.
നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയർത്താൻ തീരുമാനിച്ചു. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും വിജയ്‌യുടെ ഉത്തരവിൽ വ്യക്തമാക്കി.
