കൊച്ചി: ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു.
നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയായിരിക്കെ 2022ൽ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൻ്റെ വാദം തുടങ്ങിയ സാഹചര്യത്തിലാണ് അതിജീവിത മൊഴിമാറ്റിയത്.
ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്നാട്ടിലെ വീട്ടിലും ബലാത്സംഗം നടന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിലിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവതി പരാതി നല്‍കിയത്. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.
