കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്‍റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ പ്രധാന ഭക്ഷണമായ മത്സ്യം, ഇറച്ചി, മുട്ട എന്നിവ നിരോധിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അക്കാലത്ത് തന്നെ നിഷേധിച്ച ബിജെപി, തങ്ങൾ അധികാരത്തിൽ വന്നാൽ അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള കേന്ദ്ര ബിജെപി നേതാക്കൾ ബംഗാളിലെ പ്രചാരണ വേളകളിൽ പരസ്യമായി ‘മാച്ച്-ഭാത്’ (മത്സ്യവും ചോറും) വിരുന്നുകളിൽ പങ്കെടുക്കുകയും നാമനിർദ്ദേശ പത്രികാ റാലികളിൽ മത്സ്യം കൈയിലേന്തി ബംഗാളി സംസ്‌കാരത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
