തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വി.എം സുധീരന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വി. എം സുധീരന്റെ പ്രസ്താവന ചരിത്ര വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ ബാലന്‍സ് ചെയ്യാനാവാം സുധീരന്‍ ശ്രമിക്കുന്നതെന്നും സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാനുള്ള അധികാരം ആദ്യം നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് സുധീരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പിണറായി വിജയൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. എന്നാൽ, 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു.
എന്നാൽ ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
