കണ്ണൂർ: മാസപ്പടി കേസിലെ ഇ. ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാമെന്ന ആരും കരുതേണ്ടെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും ഈ പരിശോധന ചിലർക്ക് മനസംതൃപ്തി നൽകിയെന്നും പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളത്. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം.
രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര്‍ന്ന് വരുന്നതെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇ. ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്ളക്സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന് കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന് കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.
