ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ടാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കാലങ്ങളായി നീണ്ടുനിന്ന കസേര കളികള്‍ക്കൊടുവില്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം ഡി. കെ ശിവകുമാറിന് സിദ്ധരാമയ്യ വിട്ടുനല്‍കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്‌ഥാനം ഒഴിയുന്നത്. സിദ്ധരാമയ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും ഉയർന്നത്. രണ്ടരവർഷം പിന്നിടുമ്പോൾ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് തർക്കവും ഉടലെടുത്തു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.
