കൊച്ചി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ.ഡിയെ കയറൂരി വിട്ടിരിക്കുകയാണ്. ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട. ഇ.ഡിക്കോ ഇഡിയെ പറഞ്ഞ് വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടിലൂടെ കള്ളപണം കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടോയെന്നും എം.സ്വരാജ് ചോദിച്ചു.
കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു. സംഘപരിവാറിന് മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. ഇ ഡി എന്നും സിബിഐ എന്നും കേട്ടാൽ തല കുനിച്ച് ബിജെപി ഓഫീസിലേക്ക് വരുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദി കണ്ടിട്ടുളളു. അവസാന ശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ലെന്നും എം. സ്വരാജ് തുറന്നടിച്ചു.
അതേസമയം, എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായിയുടെ വീടുൾപ്പടെ ഇഡി നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനം എന്താണെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ എങ്ങിനെ കേന്ദ്ര ഏജൻസി ഇടപെട്ടു. ഇ.ഡി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാനത്തിൻ്റെ അധികാരത്തിൻ്റെ മേലുള്ള കടന്നു കയറ്റം. സംഭവത്തിൽ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല.
ആഭ്യന്തര വകുപ്പ് ഇ.ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം. ആം ആദ്മി പാർട്ടിക്കെതിരെ ഡൽഹിയിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് തുടരുന്നു. ആർഎസ്എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സർക്കാരും കീഴടങ്ങുന്നു. ബിജെപിയുമായുള്ള ഡീൽ സർക്കാർ വന്ന ശേഷവും കോൺഗ്രസ് തുടരുന്നു. പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാണ് ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
