തൃശൂര്‍: പിണറായിക്കെതിരായ ഇഡി റെയ്ഡിൽ സിപിഎം പ്രതികരിച്ചത് ശരിയായില്ലെന്ന കവി സച്ചിദാനന്ദന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍. ഇഡിയിൽ നിന്ന് നീതി ലഭിക്കുമെന്ന് സച്ചിദാനന്ദന്റെ കണ്ടെത്തൽ വിചിത്രമാണ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങൾ കൊണ്ടാണ് ഇതുവരെയും ഇഡി കേസുകളെ സമീപിച്ചത്. അല്ലാതെ സത്യത്തിന്റെയും നീതിയുടെയും അളവുകോല് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇഡിക്കിതിരെ പ്രതികരിക്കരുതെന്ന നിലപാട് മനുഷ്യാവകാശ പ്രവർത്തകനായ സച്ചിദാനന്ദനിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല. ഇഡി എന്താണെന്ന് അറിയാത്തതുപോലെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും കെ.വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ഇഡി തികച്ചും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാണ്. പ്രതിപക്ഷ നേതാക്കളെ അവർ വേട്ടയാടുന്നു. കോൺഗ്രസിന്റെ ചില നേതാക്കൾ ഇഡി നടപടി ഭയന്ന് ബിജെപിയിൽ അഭയം തേടിയപ്പോൾ അന്വേഷണവും നിലച്ചു. ഇഡി അന്വേഷിച്ച് കഴമ്പില്ലെങ്കിൽ പിന്നെ പ്രശ്നമില്ലല്ലൊ എന്നൊക്കെയുള്ള അഭിപ്രായം അപഹാസ്യമാണ്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അനുഭവം രാജ്യമാകെ കണ്ടതാണ്. കേന്ദ്ര വേട്ടയാടലുകൾക്കെതിരെ സിപിഎം പ്രതികരിക്കരുതായിരുന്നു എന്ന പ്രസ്താവന അദ്ദേഹത്തെ പോലെ കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഒരാളിൽ നിന്ന് ഒരിക്കലും പ്രതിക്ഷിക്കുന്നതല്ലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
