പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ചു. പുണെയിലെ ഹട്സ്പർ, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ച നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 15-16 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, പ്രാദേശിക മാധ്യമങ്ങൾ 18 മുതൽ 20 വരെ മരണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി പേർ ഇപ്പോഴും ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതായാണ് റിപ്പോർട്ട്.
വ്യാജമദ്യം നിർമ്മിച്ച യോഗേഷ് വാങ്കടെ എന്നയാളെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് മെത്തനോൾ ചേർത്ത ഏകദേശം 200 ലിറ്ററിലധികം വ്യാജമദ്യവും പോലീസ് കണ്ടെടുത്തു. പിടിയിലായ യോഗേഷ് വാങ്കടെ മുൻപും സമാനമായ രീതിയിൽ അനധികൃത മദ്യവില്പന നടത്തിയ കേസുകളിൽ പ്രതിയാണ്. മുമ്പ് പലതവണ എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
