ബെൽഫാസ്റ്റ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോൾ അത് ജയ് മുന്ദ്ര എന്ന 29-കാരനായ ഓൾറൗണ്ടർക്ക് കരിയറിലെ ഏറ്റവും വലിയ മുഹൂർത്തമായി മാറും. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ഈ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർക്ക് തന്റെ ജന്മനാടായ ഇന്ത്യക്കെതിരെ തന്നെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പ് അറിഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ പോയെന്ന് മുന്ദ്ര വ്യക്തമാക്കി. ഒരിക്കൽ തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് കരുതിയിടത്തു നിന്നാണ് കഠിനാധ്വാനത്തിലൂടെ താരം ഈ നേട്ടത്തിലെത്തിയത്. ‘അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. എനിക്ക് അവസരം നൽകിയ അയർലൻഡ് ക്രിക്കറ്റ് ബോർഡിനോട് വലിയ കടപ്പാടുണ്ട്.’ പരിശീലനത്തിന് ശേഷം താരം പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തനിക്ക് പ്രത്യേകതയുള്ള കാര്യമായിരിക്കുമെന്നും മുന്ദ്ര കൂട്ടിച്ചേർത്തു.
ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റത്തിനൊരുങ്ങി ജയ് മുന്ദ്ര
