തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ സന്നിഹിതനായിരിക്കുമ്പോൾ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിക്കുമ്പോൾ പൂർണ്ണരൂപത്തിൽ തന്നെ വേണമെന്നത് ഔദ്യോഗിക പ്രോട്ടോക്കോളിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ വന്ദേമാതരം പാടിയില്ലെന്നും കേവലം സംഗീതം മാത്രമാണ് പ്ലേ ചെയ്തതെന്നും എന്നാൽ അത് പൂർണ്ണമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിലുള്ള ശക്തമായ വിയോജിപ്പ് ഗവർണർ സ്പീക്കറെ നേരിട്ട് അറിയിച്ചിട്ടുണ്ട്. വന്ദേമാതരം പൂർണ്ണരൂപത്തിലായിരിക്കണമെന്ന് തന്റെ ഉദ്യോഗസ്ഥർ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ എന്ത് കാരണത്താലാണ് സ്പീക്കർ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും വരും ദിവസങ്ങളിൽ സഭ ഇക്കാര്യത്തിൽ തിരുത്തലുകൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
