ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സി.പി.എം നേതാവായ സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന പ്രചാരണ പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു സി.എസ് സുജാതയ്ക്കെതിരെ വിവാദ പരാമർശവുമായി ജി. സുധാകരൻ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടിൽ കയറിയിറങ്ങി നടക്കുകയാണെന്നടക്കമുള്ള പരാമർശങ്ങളാണ് ജി. സുധാകരൻ ഉന്നയിച്ചത്.
‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായർ ആണെന്ന് മനസ്സിലാവാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ടൊന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയിൽ വന്നു നിൽക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി നായരേയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണ്’. സുധാകരൻ ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടഭ്യർത്ഥിക്കാനായി മണ്ഡലത്തിലെ ആളുകളുടെ വീടുകളിൽ പോവുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും അതെങ്ങനെ ദുഷിച്ച പ്രവർത്തിയാവുമെന്നും സുജാത പ്രതികരിച്ചു. അതോടൊപ്പം ജി. സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത് ബാലിശമായ പ്രസ്താവനകൾ ആണെന്നും സി.എസ് സുജാത കൂട്ടിച്ചേർത്തു.
