പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അരികിലേക്ക് മൂര്‍ഖൻ പാമ്പ് ഇഴഞ്ഞെത്തി

എറണാകുളം: കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു.

ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി 14 കാരൻ അജയ്, രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്ക് ആണ് കടിയേറ്റത്. ഇന്ന് പുലർച്ചെ ശുചി മുറിയിൽ പോകുന്നതിനിടെയാണ് പോള്‍സണ് പാമ്പുകടിയേറ്റത്. രാവിലെ 11ഓടെയാണ് അജയെ പാമ്പുകടിച്ചത്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. രാമപുരം സ്വദേശി അനിത ബാബുവിനെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *