പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്കുന്ന ബില്‍ പാസായിട്ട് ചര്‍ച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ക്കെതിരെ സിപിഎം നേതാവ് എ. കെ ബാലന്. മുരളീധരന്റേത് ശുദ്ധഅസംബന്ധമാണെന്ന് എ. കെ ബാലന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും 2026-27 ബജറ്റിന്റെ അവതരണത്തിന്റെ നിയമപരമായ അസ്ഥിത്വം നഷ്ടപ്പെട്ടതാണെന്നും എ. കെ ബാലന് പറഞ്ഞു. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ വരാത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശം ഗവര്‍ണറെ കൂടി അപമാനിക്കുന്നതാണ്.
നയം പ്രഖ്യാപിക്കുന്നതുവരെ ധനബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്നും എ. കെ ബാലന് പറഞ്ഞു. ധനബില്‍ അവതരിപ്പിച്ചാല്‍ ബജറ്റ് പാസാകും. പിന്നെ ഭേദഗതി ചെയ്യാനാകില്ല. യുഡിഎഫ് സൂത്രപ്പണി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. എം ഷാജിക്കെതിരെയും എ കെ ബാലന് രംഗത്തെത്തി. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും അത് യുഡിഎഫിന് അനുകൂലമല്ല, മറിച്ച് ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലന് കടന്നാക്രമിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് കഴിഞ്ഞ ദിവസം കെ. എം ഷാജി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എ. കെ ബാലന്.
യുഡിഎഫ് ബിജെപിക്കും ആര്‍എസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ കെ എം ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ഭേദഗതി ചെയ്താല്‍ മതിയെന്നും എ കെ ബാലന് പരിഹസിച്ചു. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. ഷേക്സ്പിയര് കൃതിയിലെ പ്രതികാര ദേവതയെപ്പോലെ അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ യുഡിഎഫിന് ലഭിക്കുന്നതെന്നും എ കെ ബാലന് പറഞ്ഞു.
