ദുബൈ: ദുബൈയിൽ പാസ്പോർട്ട് പ്രശ്നങ്ങളാൽ പെട്ടുപോയ ഒരമ്മയ്ക്കും കൈക്കുഞ്ഞിനും സഹായമായി ജിഡിആർഎഫ്എ. ദുബൈയിയുടെ സെന്റർ ഫോർ ഹാർബറിങ്ങിൽ അഭയം തേടിയ കെനിയൻ സ്വദേശിനി റൂത്ത് വൈതേര കുഞ്ഞുമായി സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും. വിശന്ന് കരയുന്ന കുഞ്ഞിന് ഒരു തുള്ളി മുലപ്പാൽ പോലും നൽകാനാകാത്ത നിസ്സഹായതയിലായിരുന്ന വൈതേര. മികച്ചൊരു ജോലി തേടി സന്ദർശക വിസയിലെത്തിയ റൂത്തിന്റെ ജീവിതം, പാസ്‌പോർട്ട് തടസ്സങ്ങളും ദാരിദ്ര്യവും മറ്റ് പല കാരണങ്ങളാലും ഇരുളടയുകയായിരുന്നു.
നാളെ എന്താകുമെന്നറിയാതെ അവൾ തകർന്നുപോയ നിമിഷം. അവസാന പ്രതീക്ഷയെന്ന നിലയിലാണ് സുഹൃത്തു പറഞ്ഞറിഞ്ഞ അൽ അവീറിലെ ജി.ഡി.ആർ.എഫ്.എ ദുബൈയിയുടെ സെന്റർ ഫോർ ഹാർബറിങ്ങിൽ റൂത്ത് എത്തിയത്. ഉദ്യോഗസ്ഥരുടെ കുറ്റപ്പെടുത്തലുകൾ ഭയന്നെത്തിയ അവളെ കാത്തിരുന്നത് കണ്ണീരൊപ്പുന്ന കരുതലായിരുന്നു. സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കാൻ ഞങ്ങൾ ഒപ്പമുണ്ടെന്ന സ്നേഹവാക്കുകൾ റൂത്തിന്റെ തകർന്ന മനസ്സിൽ പുതിയ പ്രതീക്ഷയുടെ വെളിച്ചം പകർന്നു. സുരക്ഷിതമായ താമസവും ഭക്ഷണവും ലോക്കറും നൽകിയതിനൊപ്പം, അസുഖബാധിതയായ കുഞ്ഞിന് മികച്ച വൈദ്യസഹായവും ഉറപ്പാക്കി. ഒടുവിൽ കെനിയൻ എംബസിയുമായി ചേർന്ന് യാത്രാരേഖകൾ ശരിയാക്കി, നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ഉദ്യോഗസ്ഥർ അവളുടെ കൈയിലെത്തിച്ചു. കൂടുതൽ കരുത്തോടെ ജീവിതത്തിലേക്ക് മടങ്ങുക, ഇതൊരു പുതിയ തുടക്കമാകട്ടെ, എന്ന യാത്രാമൊഴി കേൾക്കുമ്പോൾ റൂത്തിന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല. മറിച്ച്, തന്നെയും കുഞ്ഞിനെയും ചേർത്തുപിടിച്ച ദുബൈ സർക്കാരിന്റെ നന്മ നിറഞ്ഞ സ്നേഹത്തിന് മുന്നിലുള്ള അനന്തമായ ആശ്വാസവും നന്ദിയും കൊണ്ടുമാത്രമായിരുന്നു.
