ഫിഫയുടെ വാണിജ്യവത്​കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്​സിയും

മനാമ: ഫുട്​ബാൾ ലോകകപ്പ്​ അടക്കം വാണിജ്യവത്​കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്​ബാൾ ഫെഡറേഷനും (എ.എഫ്​.സി)​. യുവേഫക്ക്​ പിന്നാലെയാണ്​ 47 അംഗങ്ങളുള്ള എഎഫ്​സിയും ഫിഫ പദ്ധതിക്കെതിരെ രംഗത്തെത്തിയത്​. ലോകകപ്പ്​ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയിൽ കൂടിയാലോചനകൾ നടത്താത്തത് തികച്ചും അസ്വീകാര്യമാണെന്ന് എ.എഫ്‌.സി പ്രസിഡന്റ് ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. ഈ നീക്കം കായികരംഗത്തിന്റെ നിലവിലുള്ള ഘടനയെ ദുർബലപ്പെടുത്തും. എഎഫ്​സിയിലെ 47 അംഗ രാജ്യങ്ങൾക്ക്​ അയച്ച കത്തിലാണ്​ ശൈഖ്​ സൽമാൻ ബിൻ ഇബ്രാഹിം ഇക്കാര്യം വ്യക്​തമാക്കിയത്​. വാർത്താഏജൻസിയായ റോയിട്ടേഴ്​സാണ്​ ഈ കത്തിൽ ഫിഫക്കെതിരെ ശക്​തമായ വിമർശങ്ങൾ ഉയർത്തിയതായി റിപ്പോർട്ട്​ ചെയ്തത്​. ലോകകപ്പും അതിന്റെ മറ്റ് പരിപാടികളും നടത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം സൃഷ്ടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫിഫ ചൊവ്വാഴ്ചയാണ്​ പുറത്തുവിട്ടത്​.ഈ നിർദേശം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫ ഒരു തലത്തിലും കൂടിയാലോചിച്ചിട്ടില്ലെന്നത്​ എഎഫ്​സി വളരെയധികം ആശങ്കയോടെയും നിരാശയോടെയും കാണുന്നതായി ശൈഖ്​ സൽമാൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഈ നിർദ്ദേശത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഭരണപരമോ സാമ്പത്തികമോ നിയമപരമോ ആയ വിശകലനവും ലഭിച്ചിട്ടില്ല, ഫിഫയുടെ ഏകപക്ഷീയമായ നടപടികൾ കോണ്ടിനെന്റൽ ഫുട്ബോളിന്റെ അടിത്തറയെ തന്നെ തകർക്കുന്നതാണെന്ന ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ കോൺഫെഡറേഷനുകളുടെയും പിന്തുണയില്ലാതെ ഈ നിർദേശം വിജയിക്കില്ലെന്ന് ശൈഖ്​ സൽമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *