ന്യൂഡൽഹി : മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിരന്തരം പുറത്തുവരാറുണ്ട്. ഒരളവും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജേർണൽ ഓഫ് ഹെപ്പറ്റോളജിയിൽ വന്ന പുതിയ പഠനത്തിലും സമാന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിൽ സുരക്ഷിതമായ അളവില്ലെന്നും എത്രത്തോളം മദ്യപിക്കുന്നോ അത്രത്തോളം ആരോഗ്യപ്രശ്നങ്ങളും വർധിക്കുമെന്നും പഠനം പറയുന്നു.
മദ്യം കാൻസറിന് കാരണമാകുന്ന ഘടകമാണെന്നും ആദ്യത്തെ അളവിൽത്തന്നെ അപകടസാധ്യത ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ പഠനവും. മദ്യപാനത്തോടൊപ്പം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുന്നുവെന്നും കുറഞ്ഞ അളവിൽ മദ്യപിച്ചാൽപ്പോലും ചില കാൻസറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.
പ്രായം, ലിംഗഭേദം, ജനിതകം, നിലവിലുള്ള ആരോഗ്യ സ്ഥിതികൾ, മദ്യപാന രീതികൾ എന്നിവയനുസരിച്ച് അപകടസാധ്യതയിൽ മാറ്റമുണ്ടാകുമെന്നും ഗവേഷകർ വ്യക്തമാക്കി. മിതമായ മദ്യപാനം ഹൃദയ സംബന്ധമായ രോഗങ്ങളിൽനിന്ന് സംരക്ഷിക്കുമെന്ന് കരുതുന്നവരേറെയുണ്ട്. ദിവസവും ഒരു ഗ്ലാസ് വൈൻ കുടിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ഇതിൽ അടിസ്ഥാനമില്ലെന്നും കുറഞ്ഞ അളവുപോലും അപകടസാധ്യത കൂട്ടുമെന്നുമാണ് പുതിയ പഠനം പറയുന്നത്.
