ലോകകപ്പിന് മുമ്പ് ഐസ്‌ലൻഡിനെ തകർത്ത് അർജന്‍റീന

അലബാമ: ലോകകപ്പ് പോരാട്ടങ്ങൾക്ക് തൊട്ടുമുൻപ് ആരാധകർക്ക് ആവേശവും ആശ്വാസവും നൽകി അര്‍ജന്‍റീന ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തിരിച്ചുവരവ്. പേശിയിലെ അസ്വസ്ഥതകൾ മാറി പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോളടിച്ച സൗഹൃദ മത്സരത്തിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്‍റീന തകർത്തുവിട്ടു. അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയെ ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസെക്വൽ ബാർകോയിലൂടെയാണ് അർജന്‍റീന സ്കോറിങ് തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോച്ച് ലയണൽ സ്കലോണി മെസിയെ പകരക്കാരനായി ഗ്രൗണ്ടിലിറക്കിയത്. കളത്തിലിറങ്ങി മിനിറ്റുകൾക്കകം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനയുടെ ലീഡ് രണ്ടാക്കി. കരിയറിലെ 911-ാമത്തെയും അർജന്‍റീനയ്ക്കായുള്ള 117-ാമത്തെയും ഗോളാണ് മെസി കുറിച്ചത്. പിന്നാലെ തിയാഗോ അൽമാഡ കൂടി വലകുലുക്കിയതോടെ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *