ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം; കേസില്‍ കക്ഷി ചേരാൻ ഹര്‍ജി നല്‍കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി കോടതിയിൽ ഹര്‍ജി നല്‍കി ഇഡി. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല.

ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.

അതിനിടെ, ഇഡിയെ ആക്രമിച്ച കേസില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടർ പൊലീസിനോട് ആവശ്യപ്പെട്ടില്ലെന്ന വിവരവും പുറത്ത് വന്നു. പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ച പ്രോസിക്യൂട്ടർ പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും കോടതിയെ അറിയിച്ചതോടെയാണ് പ്രതിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *