കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിചാരണ ആരംഭിച്ചത്. കേസിൽ ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കി. എന്നാൽ, രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകരിൽ നിന്ന് നാടകീയ നീക്കങ്ങളുണ്ടായി. ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കിയത് ശരിയായ രീതിയിൽ അല്ലെന്ന് പ്രതിഭാഗം പരാതി നൽകി.
കോടതി ഈ പരാതി തള്ളി. പിന്നാലെ സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽനിന്ന് പ്രതിഭാഗം വിട്ടുനിന്നു. കോടതിമാറ്റത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാൽ വിചാരണയുമായി സഹകരിക്കുന്നില്ലെന്നും നിലപാടറിയിച്ചു. ഇതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന്റേത് കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമെന്ന് വിലയിരുത്തിയ കോടതി, തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതോടെ പ്രതികളെ അറസ്റ്റ്‌ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി ചായക്കടയിൽ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), രജിൽ രാജ് (32), ദീപ്ചന്ദ് (33), ടി.കെ. അസ്‌കർ (34), കെ. അഖിൽ (30), പി.പി. അൻവർ സാദത്ത് (30), സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), കെ. സഞ്ജയ് (31), കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടിൽ എ.കെ. സുബിൻ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെ പിന്നീട് സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
