സിജെപിയോടുള്ള നിലപാട് മയപ്പെടുത്തി ബിജെപി

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് സൂചിപ്പിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാ​ഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്രമന്ത്രിമാ‌ർ വിശദീകരിക്കുന്നത്. രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കുന്ന യുവാക്കളുടെ ഭാ​ഗം തന്നെയാണവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. ഇന്നലെ സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെയാണ് കോക്രോച്ച് ജനത പാർട്ടി അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ചത്. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നു സിജെപി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യുവാക്കളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ വീണ്ടും സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് സിജെപിയോടുള്ള നിലപാട് ബിജെപി മയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *