റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

നൂറുകണക്കിന് യുവാക്കള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ ആവശ്യത്തിന് ട്രെയിന്‍ ഇല്ലാതിരുന്നതോടെ ഇവര്‍ രോഷാകുലരാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രയിനുകള്‍ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍.

രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേപാളത്തിലിറങ്ങി പ്രതിഷേധിച്ചു. ഉടന്‍ തന്നെ ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇതിനിടെ ട്രെയിനുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സാഹചര്യം വഷളായതോടെ പൊലീസ് ഇടപെടുകയായിരുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ വിഷയത്തില്‍ റെയില്‍വേയും ഭരണകൂടവും ഇടപെട്ടു. റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുകയും ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് വിദ്യാര്‍ത്ഥികള്‍ ശാന്തരായത്.

Leave a Reply

Your email address will not be published. Required fields are marked *