ചെന്നൈ: അതീവ സുരക്ഷയുള്ള വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇരുന്ന് വിജയ്‌യുടെ പുറത്തിറങ്ങാത്ത ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ട സിസിടിവി ഓപ്പറേറ്റർ പിടിയിൽ. ചെന്നൈ കോട്ടൂർപുറത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് ജനനായകന്റെ ചോർന്ന പതിപ്പ് കണ്ട യുവരാജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ട്രോങ് റൂമിന്റെ സിസിടിവി നിരീക്ഷണ ചുമതല ഇയാൾക്കായിരുന്നു.
ഇതിനിടയിൽ സിസിടിവി സെക്യൂരിറ്റി മുറിയിലിരുന്ന് സ്വന്തം ലാപ്‌ടോപിൽ ജനനായകന്റെ വ്യാജപതിപ്പ് കാണുകയായിരുന്നു. ഇതിന്റെ ചിത്രം യുവരാജ് തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബാക്ക്ഗ്രൗണ്ടിൽ സിസിടിവി ദൃശ്യങ്ങൾ തെളിയുന്ന സ്ക്രീനുകൾ സഹിതമാണ് ഇയാൾ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ജോലി സമയത്ത് സിനിമ കണ്ടു, കൃത്യനിർവഹണത്തിൽ വീഴ്ച്ച വരുത്തി, വ്യാജ പതിപ്പ് കൈവശം വെക്കുകയും കാണുകയും ചെയ്തു തുടങ്ങിയവാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. വ്യാഴാഴ്ചയായിരുന്നു തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനും ദിവസങ്ങൾ മുമ്പേയാണ് ജനനായകൻ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചത്. സംഭവത്തിൽ മൂന്ന് സൂത്രധാരന്മാരെയടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഫ്രീലാൻസ് എഡിറ്ററാണ് മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
