ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സി.ബി.ഐ ഡയറക്ടർ, ലോക്പാൽ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതികളിൽ ചീഫ് ജസ്റ്റിസ് അംഗമാണ്. ജനാധിപത്യത്തിൽ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ നിന്ന് സി.ജെ.ഐയെ മാറ്റിവെച്ചതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. ‘നീതി നടപ്പിലാക്കിയാൽ മാത്രം പോരാ, അത് നടപ്പിലാക്കിയതായി അനുഭവപ്പെടുകയും വേണം’ എന്ന തത്വം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിലും ബാധകമാണ്. സമിതിയിൽ കൂടുതൽ സുതാര്യതയും നിഷ്പക്ഷതയും ഉണ്ടാകേണ്ടതുണ്ടെന്നും കോടതി കേസ് പരിഗണിച്ചപ്പോൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹത്തിന്റെ പദവിക്ക് ഭരണഘടനാപരമായ വിശുദ്ധിയുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സംശയത്തോടെ വീക്ഷിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം വാദിച്ചു.
