തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് ശനിയാഴ്ച പകല്‍ 10 മണിയോടെ അടച്ചത്. പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോള്‍. ആഴ്ചാവസാന ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു.
