തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി പരിശോധനയ്ക്ക് ശേഷമുണ്ടായ ആക്രമണ സംഭവങ്ങളിൽ പോലീസ് ഇടപെടാതിരുന്നത് വീഴ്ച അല്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ബുദ്ധിയാണെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല മനപ്പൂർവ്വം പന്ത് കേന്ദ്ര സേനയുടെ കോർട്ടിലേക്ക് ഇട്ടതാണെന്നും അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഒരു സല്യൂട്ട് എന്നും ജോയ് മാത്യു പോസ്റ്റിൽ കുറിച്ചു.മാനവിക സ്നേഹം മുഖമുദ്രയാക്കിയ പതിനാറോളം വിപ്ലവകാരികൾ ഉദ്യോഗസ്ഥരേയും അവർ സഞ്ചരിച്ച വാഹനവും അതോടിച്ചിരുന്ന ഡ്രൈവറെയും തൊഴിലാളി വർഗ്ഗ സ്നേഹത്താൽ തല്ലിപൊളിക്കുമ്പോൾ കേരള പോലീസ് കൈയും കെട്ടി നോക്കി നിന്നതിനെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ച എന്ന നിലയിലാണ് പലരും കണ്ടത്.
എന്നാൽ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസ്സിലായില്ല. പോലീസ് സേന ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ അവസരം കാത്തുനിൽക്കുന്ന പ്രതിപക്ഷ ഗുണ്ടകൾ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ, കാലഹരണപ്പെട്ട ബന്ത് ഹർത്താൽ എന്നിവകൾ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങൾക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടുകാണുമെന്നും ജോയ് മാത്യു പോസ്റ്റിൽ കുറിച്ചു.
