കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി എല്‍. കെ ശ്രീദേവി ചെയര്‍മാനായ കമ്മീഷനാണ് പരാജയം അന്വേഷിക്കുക. എല്‍.കെ ശ്രീദേവിക്ക് പുറമേ ജി. ആര്‍ കൃഷ്ണകുമാര്‍, എം. സുജയ് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും ചാത്തന്നൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടതാണ് അന്വേഷിക്കുക.15 ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിസിക്ക് സമര്‍പ്പിക്കും.
തുടർന്ന് റിപ്പോര്‍ട്ട് ഡിസിസി കെപിസിസിക്ക് കൈമാറും. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി മറ്റൊരു സമിതിയെ വെച്ച് അന്വേഷിക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് സീറ്റായിരുന്ന ചാത്തന്നൂരില്‍ ഇത്തവണ ബിജെപിയാണ് ജയിച്ചത്. എന്‍ഡിഎയുടെ ബി. ബി ഗോപകുമാറാണ് ചാത്തന്നൂരില്‍ നിന്ന് എംഎല്‍എയായത്. 4398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗോപകുമാര്‍ വിജയിച്ചത്. ഗോപകുമാര്‍ 51923 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത് 47525 വോട്ടുകളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി 35276 വോട്ടുകളാണ് നേടിയത്.
