ദുബൈ: യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്ക് ലഭിക്കുന്ന കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി. നികുതിയിളവ് 2029 ഡിസംബർ 31 വരെ തുടരാനാണ് തീരുമാനം. പ്രവാസികൾ ഉൾപ്പെടെ നിരവധി ചെറുകിട ബിസിനസ് സംരംഭകർക്ക് ആശ്വാസമേകുന്നതാണ് പുതിയ നിയമഭേദഗതി. 2023 ജൂൺ ഒന്ന് മുതലാണ് യുഎഇയിൽ കോർപറേറ്റ് ടാക്‌സ് നിലവിൽ വന്നത്. അന്നത്തെ നിയമപ്രകാരം 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള കമ്പനികൾ കോർപറേറ്റ് ടാക്‌സ് നൽകേണ്ടതില്ല. മൂന്ന് മില്യണ് മുകളിൽ വരുമാനമുള്ള കമ്പനികൾക്കാണ് കോർപറേറ്റ് നികുതി ബാധകമാവുക. ഈ വർഷം അവസാനം വരെയാണ് ചെറുകിട സ്ഥാപനങ്ങൾക്ക് ഈ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം 2029 ഡിസംബർ 31 വരെ ചെറുകിട സ്ഥാപനങ്ങളെ കോർപറേറ്റ് ടാക്‌സിൽ നിന്ന് ഒഴിവാക്കുകയാണ് ധനകാര്യമന്ത്രാലയം. ഇനിയും നാലുവർഷത്തോളം ചെറുകിട സ്ഥാപനങ്ങൾക്ക് നികുതിയിളവ് ബാധകമായിരിക്കും.
യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി
