ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ് രോഗബാധിതരിലേറെയും. ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് കേസുകൾ എട്ടായി ഉയരുകയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഡപ്പയിലെ രാജംപേട്ടിൽനിന്നുള്ള അമ്പത്തിരണ്ടുകാരനാണ് ഒടുവിൽ മരിച്ചത്. പനിയും ചുമയും ബാധിച്ച് വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഡപ്പയിൽ നിന്നുതന്നെയുള്ള നാൽപത്തിമൂന്നുകാരനാണ് മരിച്ച മറ്റൊരാൾ. കോവിഡ് പോസിറ്റീവായി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കഡപ്പ മെഡിക്കൽ കോളേജ് വിദ്യാർഥിയായ ഇരുപത്തിയഞ്ചുകാരൻ നിലവിൽ കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയാണ്. വൈറസിന്റെ വകഭേദം കണ്ടെത്താനും വ്യാപന രീതി മനസ്സിലാക്കാനും പുണെയിലെ ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. കഡപ്പയിൽ രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു, രണ്ടു മരണം
