ബെംഗളൂരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി. കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും, മന്ത്രിസഭ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്. കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ലിംഗായത്ത് – ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം.
അതേസമയം സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വൈകാരികമായ കുറിപ്പ് ഡി. കെ ശിവകുമാര്‍ എക്സില്‍ പങ്കുവച്ചിരുന്നു. പിന്നാലെ തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിദ്ധരാമയ്യും അഭിപ്രായം പങ്കുവച്ചിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഡി. കെയ്ക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബാനറുകളും ഉയര്‍ന്നിരുന്നു. ഭാവി മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഭാവി മുഖ്യമന്ത്രി ഡി. കെ ശിവകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നായിരുന്നു ബാനറിലുണ്ടായിരുന്നത്.
