അടിയന്തരാവസ്ഥ പഠിക്കാം; ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി

ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിലാണ് അടിയന്തരാവസ്ഥയെ പാഠഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ പുതിയ ഭാഗം ചേർത്തത്. ‘ അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യം നേരിട്ട ‘ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

1975-77 കാലഘട്ടത്തിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ കുറിച്ച് പാഠഭാ​ഗത്തിൽ വിശദമായി പറയുന്നുണ്ട്. 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വളർന്നുവന്ന അതൃപ്തിയാണ് ഇതിലേക്ക് നയിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു. ആഭ്യന്തര അസ്വസ്ഥതകൾ ചൂണ്ടിക്കാണിച്ചാണ് 1975 ജൂണിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെടുകയും മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലാവുകയും പൗരസ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെടുകയും ചെയ്തതായി പാഠഭാ​ഗത്തിൽ പ്രതിപാദിക്കുന്നുണ്ട് .

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ജയപ്രകാശ് നാരായണൻ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചും പാഠപുസ്തകം പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി അദ്ദേഹം നയിച്ച ജനകീയ പ്രസ്ഥാനങ്ങൾ ജനാധിപത്യ പുനഃസ്ഥാപനത്തിൽ നിർണ്ണായകമായി. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനെത്തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ് തെളിയിച്ചതെന്നും ബാലറ്റിലൂടെ ജനങ്ങൾ തങ്ങളുടെ വിധി രേഖപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *