ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളില്‍ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദിലീഷ് പോത്തന്‍.
‘പ്രേമലു 2’ ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനയിലാണെന്നായിരുന്നു ദിലീഷിന്റെ മറുപടി. ‘അതിന് പകരമാണ് ‘ബത്ലഹേം കുടുംബ യൂണിറ്റ്’ കയറി വന്നിരിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ എയര്‍ കേരളയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഷൂട്ട് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറഞ്ഞു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തന്‍ അറിയിച്ചിരുന്നു.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലെനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മിച്ചത്. നിവിന്‍ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബത്ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ. ഡി ചിത്രം. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന സിനിമയില്‍ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.
