ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന.

ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതു വയസ്സുള്ള ഇസ്മായിൽ പൊന്നൻ. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരനും ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *