യുപിഎസ്‌സി ഉപദേശകസമിതിയിൽ നിന്ന് പിൻമാറി പരിസ്ഥിതി ശാസ്ത്രജ്ഞൻ എസ്.ഫെയ്‌സി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് യുപിഎസ്‌സി ഉപദേശക സമിതിയിൽ നിന്ന് പിൻമാറി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ്.ഫെയ്‌സി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതികരിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പിൻമാറുന്നതെന്ന് ഫെയ്‌സി യുപിഎസ്‌സിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.

”ഉപദേശകൻ എന്ന നിലയിലുള്ള എന്റെ ചുമതല പുതുക്കാനുള്ള നിങ്ങളുടെ ക്ഷണം ഞാൻ സ്വീകരിച്ചിരുന്നതാണ്. എന്നാൽ, രാജ്യത്ത് പരീക്ഷകളിൽ വ്യാപകമായി നടക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിലും, തകർന്നടിഞ്ഞ പരീക്ഷാസംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി പ്രതിഷേധിക്കുന്ന യുവതീയുവാക്കളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഞാൻ പ്രസ്തുത പദവിയിൽ നിന്നും പിന്മാറുന്നു. പരീക്ഷാസംവിധാനത്തിന്റെ ഈ തകർച്ച, കഠിനാധ്വാനത്തിലൂടെ നമ്മൾ നേടിയെടുത്ത ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന്റെ ഒരു സൂചന മാത്രമാണ്. ഇതിനെക്കുറിച്ച് 2018-ൽ തന്നെ സുപ്രിംകോടതിയിലെ നാല് ജഡ്ജിമാർ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്”- ഫെയ്‌സി ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു.പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും അന്താരാഷ്ട്ര പരിസ്ഥിതി വിദഗ്ധനുമാണ് മലയാളിയായ ഡോ.എസ്.ഫെയ്‌സി. കൊല്ലം ജില്ലയിലെ പോരുവഴിയ സ്വദേശിയാണ്. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറുകയും അവരുടെ പരിസ്ഥിതി കാഴ്ചപ്പാടുകൾ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് ഡോ.ഫെയ്‌സി.

Leave a Reply

Your email address will not be published. Required fields are marked *