മലപ്പുറം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥിനെ നിയമിച്ചതിലും പിഎംശ്രീ പദ്ധതിയിലും മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ പേടിച്ചാണ് മുസ്ലിം ലീഗ് ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്നും പിഎംശ്രീ നടപ്പാക്കിയില്ലെങ്കില്‍ നിങ്ങളെ പിടിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടാകാമെന്നും കെ. ടി ജലീല്‍ പറഞ്ഞു. പിഎംശ്രീയില്‍ മുസ്ലിം ലീഗിനെക്കൊണ്ടുതന്നെ ഒപ്പുവെയ്പ്പിക്കുമെന്ന് കെ. സുരേന്ദ്രന് പറഞ്ഞത് അതുകൊണ്ടാണ്. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്ന് കെഎം ഷാജി പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഈ പ്രസ്താവന പറഞ്ഞിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകില് എന്നും കെ. ടി ജലീല്‍ ചോദിക്കുന്നു.
‘മുസ്ലിം ലീഗിന്റെ പല നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് വന്നിട്ടുണ്ട്. പിഎംശ്രീ നിങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ പിടിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടാകും. ശേഷാദ്രിനാഥിന്റെ നിയമനം ബിജെപിയുമായുള്ള പ്രത്യക്ഷമായുള്ള ഡീല്‍ ആണ്’, കെ ടി ജലീല്‍ വിമര്‍ശിച്ചു.പിഎംശ്രീയില്‍ മുസ്ലിം ലീഗിനെ വിമര്‍ശിച്ച് നേരത്തെയും കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ലീഗിന്റെ പിഎംശ്രീ മുഹബ്ബത്ത് നടക്കില്ലെന്നായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. രണ്ട് ‘പച്ചക്കുപ്പായം’ മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്നത് ഇനിയെങ്കിലും ലീഗ് അവസാനിപ്പിക്കണം.
പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടേയെന്നായിരുന്നു വിമര്‍ശനം. പിഎംശ്രീ എല്‍ഡിഎഫിന് നിഷിദ്ധമെങ്കില്‍ ടീം യുഡിഎഫിനും നിഷിദ്ധം തന്നെയാണ്. അത് ‘ഹലാലാ’ക്കാന്‍ ലീഗിന്റെ ‘ഇച്ചാച്ചന്’ വിചാരിച്ചാലും നടക്കില്ല. ഭരണം കിട്ടുന്നത് വരെ സമുദായവും സമുദായത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളും പറയും. ദീനും മതവും പൊക്കിപ്പിടിക്കും. ഭരണം കിട്ടിക്കഴിഞ്ഞാല്‍ എല്ലാം മറക്കുന്നവരാണ് ലീഗെന്നും അള്‍ഷിമേഴ്സ് ബാധിച്ച പോലെ പിന്നെ അവര്‍ക്കൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നും കെ. ടി ജലീല്‍ ആരോപിച്ചു.
