ഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. കെ സുധാകരൻ മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹ്നാൻ ഖർഗെയ്ക്ക് കത്തു നല്കിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.
അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാനാണ് വിഡി പക്ഷത്തിന്‍റെ തീരുമാനം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം. വരുന്ന കമന്റുകൾ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.
