വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. VISL എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ. ഓഹരി കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദ്യം സെബിയെയാണ് അറിയിക്കേണ്ടതെന്നും അവിടെ നിന്നുള്ള തത്വത്തിലുള്ള അനുമതി ബുധനാഴ്ച ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയതെന്നുമാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.

അതേസമയം അദാനി ഗ്രൂപ്പ് നൽകിയ അപേക്ഷ സർക്കാർ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് അപേക്ഷ പരിശോധിക്കുക. എംപവേർഡ് കമ്മിറ്റി നൽകുന്ന ശിപാർശ കൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *