റോഡ് നന്നായാൽ പെട്രോൾ വില കുറയും; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോട്ടയം : റോഡുകളുടെ വികസനം പൂർത്തിയാകുമ്പോൾ ലക്ഷ്യസ്ഥലങ്ങളിൽ പകുതി സമയത്തിനുള്ളിൽ എത്തുമെന്നും പെട്രോൾ വില കുറയുന്നതിന് സമാനമായ പ്രതീതി സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗണിത– സാമ്പത്തിക ശാസ്ത്രം അറിയുന്ന ആരും ഈ ആശയത്തെ വിമർശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ്, ഈസ്റ്റ് ജില്ലകൾ സംഘടിപ്പിച്ച വികസന സങ്കൽപ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘പെട്രോളിന്റെയും ഡീസലിന്റെയും വില സംബന്ധിച്ച് വലിയ തർക്കങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്. തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെയെത്താൻ 9–10 മണിക്കൂറാണ് ഇപ്പോൾ എടുക്കുന്നത്. റോഡുകൾ പൂർണമാകുന്നതോടെ കോഴിക്കോടുനിന്ന് പൊന്നാനി വഴിക്ക് വന്നാലും പഴയ ദേശീയപാത 47 വഴി വന്നാലും ഏതാണ്ട് പകുതി സമയത്തിനുള്ളിൽ എത്തും. അത് പെട്രോൾ വില കുറയുന്നതിനു സമാനമായിരിക്കും’’– സുരേഷ് ഗോപി പറഞ്ഞു.

ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, മധ്യമേഖല ഉപാധ്യക്ഷൻ ടി.എൻ.ഹരികുമാർ, വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മിനർവ മോഹൻ, എസ്.രതീഷ് ലാൽ, അഖിൽ രവീന്ദ്രൻ, നാരായണൻ നമ്പൂതിരി, അരുൺ മൂലേടം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *