ദുബായ്: പൊതുവിടങ്ങളിലെ പെരുമാറ്റത്തിനും വിവിധ ആഘോഷങ്ങൾക്കും പുതിയ മാർഗരേഖ കൊണ്ടുവരാൻ ദുബായ് ഭരണകൂടം ഒരുങ്ങുന്നു. ദുബായ് നഗരത്തിന്റെ സാംസ്കാരിക മൂല്യങ്ങളും മര്യാദകളും കൃത്യമായി പ്രതിഫലിക്കുന്ന രീതിയിലായിരിക്കണം ജനങ്ങളുടെ പെരുമാറ്റവും ആഘോഷങ്ങളുമെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖ ഉടൻ തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. ദുബായ് സിവിലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), ദുബായ് മുനിസിപ്പാലിറ്റി, ടൂറിസം വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തു. കേവലം ബാഹ്യമായ കാഴ്ചകൾക്കപ്പുറം, ഒരു ആഗോള നഗരമെന്ന നിലയിൽ ദുബായിയുടെ അന്തസ്സും മൂല്യവും ഉയർത്താനും സന്ദർശകർക്കും പ്രവാസികൾക്കും കൂടുതൽ മികച്ച അനുഭവം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ വരുന്നത്.
പൊതുവിടങ്ങളിലെ പെരുമാറ്റത്തിനും ആഘോഷങ്ങൾക്കും പുതിയ മാർഗരേഖയുമായി ദുബായ്
