തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. 30 സെന്റിമീറ്റർ വീതമായിരിക്കും ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. ശനിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ഞായറാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. മെയ് രണ്ടുവരെ മഴ മുന്നറിയിപ്പുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങളില്‍ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
