രാഷ്ട്രീയ താല്പര്യമുള്ള ആളല്ല ഞാൻ, പക്ഷേ ഇത് കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റണില്ല’; മാത്യു തോമസ്

ഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധനത്തിന് പിന്തുണയുമായി കൂടുതൽ സിനിമാക്കാർ രം​ഗത്ത്. മമ്മൂട്ടി അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാനെന്നും പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ട് മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്നും പറയുകയാണ് നടൻ മാത്യു തോമസ്. “പൊതുവിൽ ഇങ്ങനത്തെ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അല്ലെങ്കിൽ എന്തൊരു പ്രശ്നം നടക്കുമ്പോഴും സംസാരിക്കാൻ താല്പര്യം ഇല്ലാത്തെ ഒരാളായിരുന്നു ഞാൻ. രാഷ്ട്രീയം ഉണ്ടോന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന് പറയുന്ന ആളായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന കാര്യങ്ങൾ കണ്ടപ്പോൾ അങ്ങനെ മിണ്ടാണ്ടിരിക്കാൻ പറ്റണില്ല. അത്രയും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. മൂന്ന് ദിവസമായി ഇൻസ്റ്റാഗ്രാം ഫീഡിൽ വരുന്ന കാര്യങ്ങൾ കാണുമ്പോൾ അങ്ങനെ സംസാരിക്കാതിരിക്കാൻ പറ്റുന്നില്ല. ഇവിടെയുള്ള എല്ലാവർക്കും ദില്ലിയിൽ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല. പക്ഷേ നമ്മളാൽ പറ്റുന്നതെല്ലാം നമ്മൾ ചെയ്യണം. നമ്മൾ നമ്മുടെ ശബ്ദം ഉയർത്തണം. എന്താണ് ഇവിടെ നടക്കുന്നതെന്ന് ഇപ്പോഴും അറിയാത്ത ഒരുപാട് പേരുണ്ട്. അവരെ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കണം. എന്തുകൊണ്ടാണ് നമ്മൾ പ്രതിഷേധത്തിൻറെ ഭാഗമാകേണ്ടതെന്ന് പറഞ്ഞ് കൊടുക്കണം. എന്ത് ചെയ്താലും സമാധാനപരമായി ചെയ്യണം. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിൽ പ്രതിഷേധിക്കാം”, എന്നായിരുന്നു മാത്യു തോമസിന്റെ വാക്കുകൾ.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *