തിരുവനന്തപുരം: ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്നതിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മുന്നോട്ട് പോയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയിട്ടില്ല. എനിക്ക് വലുത് വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ്. നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ വ്യക്തിഹത്യ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ല. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നത്. മർദിച്ച ഗൺമാൻമാർ നിയമത്തിന് അതീതരല്ല. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല. പിണറായിയിലും കോഴിക്കോടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പൊലീസിനെ അറിയിച്ചിട്ടാണ് അവിടങ്ങളിൽ ഇ ഡി ഇറങ്ങിയത്. പക്ഷെ തിരുവനന്തപുരത്ത് അത് ഉണ്ടായില്ല. ഇ ഡിക്കെതിരെ അക്രമം നടത്തിയവർ പാർട്ടി ഓഫീസിൽ കയറി ഇരുന്നു. വേണമെങ്കിൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാമായിരുന്നു. പോലീസിന്റേത് കൃത്യമായ ഇടപെടലാണ്. 21 പ്രതികൾ പിടിയിലായി. ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
