ഷാർജ : യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ ഷാർജ പുരാവസ്തു മ്യൂസിയത്തിലെത്തി. സ്കൂൾ ഹെറിറ്റേജ് ക്ലബ് അംഗങ്ങളായ ഒന്നുമുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായത്. രാജ്യത്തിന്റെ സമ്പന്ന പൈതൃകം ഏറ്റവുമടുത്തുനിന്ന് അറിയുകയായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തിലെ വിവിധ ഗാലറികൾ സന്ദർശിച്ച വിദ്യാർഥികൾ പുരാതനകാലത്തെ ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ, മറ്റു പുരാവസ്തുക്കൾ എന്നിവ കണ്ട് അവയുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കി. പുരാവസ്തു ഗവേഷണങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ, മുൻകാലഘട്ടത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുമെന്ന് മ്യൂസിയം അധികൃതർ കുട്ടികളോട് പറഞ്ഞു. സന്ദർശനം കുട്ടികൾക്ക് ചരിത്ര, പൈതൃക ബോധം വർധിക്കാൻ ഇടയായെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരായ ജീജാ പ്രജിത്ത്, ശോഭനാ രാമൻകുട്ടി, വൃന്ദ രംജിത്ത്, സുഗന്ധി ഷാജു, രേവതി ബാലകൃഷ്ണൻ, ജസീല കുഞ്ഞിവീട് എന്നിവർ കുട്ടികൾക്ക് മാർഗ നിർദേശങ്ങളുംനൽകി.
യു.എ.ഇ.യുടെ ചരിത്രങ്ങൾതേടി ഇന്ത്യൻ വിദ്യാർഥികൾ
