തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്താൻ സർക്കാർ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ വി.ഡി. സതീശൻ ആവേശത്തോടെ ഉയർത്തിയ പ്രശ്നങ്ങളിലൊക്കെ ഭരണത്തിൽ ഇരിക്കുമ്പോൾ സൗകര്യപൂർവം യൂട്ടേൺ അടിക്കുകയാണ്. പിഎംശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കൽ, കരിമണൽ ഖനനം, പ്രതിയുടെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ‘യൂട്ടേണുകൾ’ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ്-ബിജെപി ഡീൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിവുസഹിതം ചർച്ചചെയ്യുന്ന നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. പോലീസ് മെറ്റയ്ക്ക് കത്തയച്ച് പോസ്റ്റുകൾ നീക്കം ചെയ്യിക്കുകയാണെന്നും ഇങ്ങനെപോയാൽ മുഖ്യധാരാ മാധ്യമങ്ങളെപ്പോലും സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച പല പോസ്റ്റുകളും ഇതിനോടകം ‘ഫോട്ടോ നോട്ട് അവൈലബിൾ ഇൻ ഇന്ത്യ’ എന്ന സന്ദേശത്തോടെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിപ്പ വൈറസ് പടരുന്നതിലെ ഭരണപരാജയത്തെ കുറിച്ചുള്ള പോസ്റ്റുകൾക്കും വിലക്കേർപ്പെടുത്തി. കൂടാതെ, വി.ഡി. സതീശൻ നൽകിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതിനെ പരിഹസിച്ച പോസ്റ്റുകളും നീക്കംചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ടെന്ന് ജയരാജൻ പറഞ്ഞു.
എറണാകുളം വാഴക്കുളത്തെ പാരിയത്തുകാവ് കോളനിവാസികളെ ഒഴിപ്പിക്കാൻ ശ്രമിച്ചതിനെ ‘ബുൾഡോസർ രാജ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റുകളും മെറ്റയുടെ സെൻസർഷിപ്പിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 51-ാം വാർഷികത്തിൽ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ നടക്കുന്നത് പ്രതിഷേധാർഹമാണ്. 51 വർഷം മുമ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാൻ കോൺഗ്രസ് നടപ്പിലാക്കിയ ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ ആധുനിക രൂപമാണിതെന്ന് ജയരാജൻ പറഞ്ഞു.
