IPS തലപ്പത്തെ അഴിച്ചുപണി; മാറ്റത്തിൽ അസൗകര്യം അറിയിച്ച് കെ കാര്‍ത്തികും ടി നാരായണനും

തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്തി പരസ്യം. നിലവിലെ സ്ഥലംമാറ്റത്തില്‍ അസൗകര്യം അറിയിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമിപിച്ചു. വീണ്ടും മാറ്റം വേണമെന്നാണ് ആവശ്യം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് ടി നാരായണനും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് കെ കാര്‍ത്തികും അറിയിച്ചു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെ മാറ്റിയത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്നു കെ കാര്‍ത്തിക്. ഇവിടെ നിന്നും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റുകയായിരുന്നു.

ഡിജിപി നല്‍കിയ പട്ടികയിലെ പല ഉദ്യോഗസ്ഥര്‍ക്കും നിയമനമില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. സ്ഥലംമാറ്റം പൊലീസ് ആസ്ഥാനം അറിയാതെയാണെന്ന ആരോപണം ശക്തമാണ്. ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനമെന്നും ആക്ഷേപമുണ്ട്. മറ്റുജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

അതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ അഴിച്ചുപണി വൈകുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്. മാറ്റം വേഗത്തിലാക്കണമെന്നാണ് യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. മാറ്റം വൈകുന്നതില്‍ ആഭ്യന്തര മന്ത്രിയെ അതൃപ്തി അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റണം എന്നാണ് ആവശ്യം. പിണറായി സര്‍ക്കാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം വരുത്തിയിരുന്നുവെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന് തലവേദനയാകുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കി. ജില്ലാ, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരെ മാറ്റണം എന്നാണ് ആവശ്യം.

വന്‍ അഴിച്ചുപണിയാണ് പൊലീസില്‍ നടത്തിയത്. പി വിജയനെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *