രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തണമെന്ന് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതാണെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്.
നഴ്‌സുമാരുടേത് ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലെന്നും കങ്കണ പറഞ്ഞു. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ രീതിയാണ് പിന്ന് വെച്ച് കുത്തിവെക്കുന്ന തൊപ്പി ഉള്‍പ്പെടെയുള്ളവ. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇതിനെ പല ബിജെപി നേതാക്കളും പിന്തുണച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ആശുപത്രികളാണ് ആദ്യം മാറ്റേണ്ടതെന്നാണ് വിമര്‍ശനം.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മനോജ് തപാഡിയയുടെ ‘ഭാരത് ഭാഗ്യ വിധാത’യിൽ 2008 ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാമ ആശുപത്രിയിലെ നഴ്സായി കങ്കണ വേഷമിടുന്നുണ്ട്. ഇത് എളുപ്പമുള്ള ഒരു തൊഴിലല്ലെന്നും ശമ്പള ഘടന മുതല്‍ യൂണിഫോം വരെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അവര്‍ വാദിച്ചു.

‘ആളുകള്‍ക്ക് അവരോട് തോന്നുന്ന വികാരത്തിലാണ് മാറ്റം വരേണ്ടത്. ഏറ്റവും ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണിത്. ഹാലോവീനില്‍ ആളുകള്‍ നഴ്സിന്റെ വേഷം ധരിക്കുകയും അവരെ കളിയാക്കുകയും ചെയ്യുന്നു. അവര്‍ക്ക് ശമ്പളം കുറവാണ്, അമിത ജോലിഭാരമുണ്ട്,’ കങ്കണ പറഞ്ഞു. നഴ്സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ല. വാച്ച്മാന്‍മാരുടെയും ക്ലീനിംഗ് സ്റ്റാഫിന്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. നഴ്സുമാരുടെ വസ്ത്രധാരണരീതി ബ്രിട്ടീഷ് കാലഘട്ടം മുതലുള്ളതാണ്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം, അതിനു മുകളില്‍ ധരിക്കാന്‍ ഒരു കോട്ട് മാത്രമേ അവര്‍ക്ക് ലഭിക്കൂ. പക്ഷേ, നമ്മുടെ നഴ്സുമാര്‍ക്ക് അങ്ങനെയല്ല. അതിനൊരു വിദേശ ലുക്കാണെന്നും നടി പറഞ്ഞു.

സിനിമയില്‍ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സത്യസന്ധതയോടും അന്തസ്സോടും കൂടിയാണ് പ്രവര്‍ത്തിച്ചത്. എനിക്ക് വ്യക്തിപരമായി തോന്നുന്നത് യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക് ആണെന്നാണ്. യൂണിഫോമില്‍ മാറ്റം വരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള യൂണിഫോം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നഴ്സുമാരോട് ആലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *