പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയുടെ ഷൂട്ടിംഗ് പൂർത്തിയായി. ദുബായ് ഷെഡ്യൂളിലൂടെയാണ് ചിത്രം ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ചിത്രം ഓണം റിലീസായി ആഗസ്റ്റ് 20 ന് തിയേറ്ററിലെത്തും. ‘രാജീവന് പിന്നാലെ ആമിർ അലി എത്തും. നോബഡിക്ക് പിന്നാലെ സ്മഗ്ലർ വരും’ എന്നാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ
