ആദ്യമായി പേരക്കുട്ടികളെ കണ്ട് ചാള്‍സ് രാജാവ്

ടെറ്റ്‌ബറി: ചാള്‍സ് രാജാവിനെ കാണാനെത്തി മകന്‍ ഹാരി. ഭാര്യ മേഗനും,മക്കള്‍ക്കും ഒപ്പമാണ് ഇംഗ്ലണ്ടിലെ ഹൈഗ്രോവ് എസ്റ്റേറ്റില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ ഹാരി എത്തിയത്. രാജകുടുംബവുമായി അകന്നു കഴിയുന്ന ഹാരി 2022ന് ശേഷമാണ് ചാള്‍സ് രാജാവിനെ നേരില്‍ കണ്ടത്. ആദ്യമായാണ് പേരക്കുട്ടികളെ ചാള്‍സ് രാജാവ് കാണുന്നത്.

കാന്‍സര്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചാള്‍സ് മൂന്നാമന്‍ പേരക്കുട്ടികളെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം സഫലമായി. ഹാരി, മേഗന്‍ മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ ഇംഗ്ലണ്ടിലെ ഹൈഗ്രോവ് എസ്റ്റേറ്റില്‍ എത്തുകയായിരുന്നു.

കൂടിക്കാഴ്ചയില്‍ ഏറെ വൈകാരികമായാണ് ഹാരി പ്രതികരിച്ചത്. കുടുംബവുമായി ഒത്തുചേരാനായതില്‍ സന്തോഷം ഉണ്ടെന്നും, അഭിപ്രായ ഭിന്നത തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഹാരി പറഞ്ഞു. സ്വകാര്യ കൂടിക്കാഴ്ചയെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. ഹാരിയുടെ കൊട്ടാരവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2023ല്‍ പുറത്തിറങ്ങിയ സ്‌പെയര്‍ എന്ന തന്റെ ഓര്‍മകുറിപ്പില്‍ കടുത്തരീതിയില്‍ വിമര്‍ശിച്ചത് വിവാദമായതിന് പിന്നാലെ ഹാരി, രാജകുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചു. രാജകീയ ചുമതലകളില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ഹാരിയും കുടുംബവും അമേരിക്കയിലാണ് ഇപ്പോള്‍ താമസം.

Leave a Reply

Your email address will not be published. Required fields are marked *