കുവൈത്ത് സിറ്റി: രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ മതപരമല്ലാത്ത മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി രാജ്യത്തെ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. തീവ്രവാദപരവും സങ്കുചിതവുമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ മതസ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കുവൈത്ത് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വസ്മിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളുടെയും മാനേജർമാർ, പുതിയ നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം തങ്ങളുടെ സ്ഥാപനങ്ങൾ നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പുതിയ ആരാധനാലയങ്ങൾക്ക് മുൻകൂർ അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
എല്ലാ ആരാധനാലയങ്ങളും പുതിയ നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഈ സമിതി ഉറപ്പുവരുത്തും. ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം മതസൗഹാർദ്ദം, സഹിഷ്ണുത, മിതവാദം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്താനാണ് പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ വസ്മി പറഞ്ഞു. ഈ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതോടൊപ്പം ഉത്തരവാദിത്തമുള്ള മതപരമായ ആചാരങ്ങൾക്ക് നിയമം പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
