ഡിഎ കുടിശ്ശിക വരുത്തിയത് LDF സർക്കാർ, രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിഎ കുടിശ്ശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ പരാമർശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിൽ അതിരൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. പിണറായി വിജയൻ ഭരിച്ച 10 വർഷംകൊണ്ടാണ് കോടികളുടെ ഡിഎ കുടിശ്ശിക കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അത് ചോദ്യംചെയ്യാനുള്ള അർഹത അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. “സമയാസമയത്ത് ഡിഎ കൊടുക്കാതെ ഇത്രയും കുടിശ്ശിക വരുത്തിയത് എൽഡിഎഫ് സർക്കാരാണ്. പത്ത് കൊല്ലം അധികാരത്തിൽ ഇരുന്ന് ഒഴിഞ്ഞപ്പോൾ പുതിയ സർക്കാരിനോട് ചോദിക്കുകയാണ് ഡിഎ കുടിശ്ശിക കൊടുക്കുന്നില്ലേ എന്ന്. ഇത് ആര് വരുത്തിയ കുടിശ്ശികയാണ്? പോണപോക്കിലെ ബജറ്റിൽ പറയുകയാണ്, അടുത്തകൊല്ലം കുടിശ്ശിക കൊടുക്കുമെന്ന്. ഇത്രയും വർഷക്കാലം കുടിശ്ശിക ഉണ്ടാക്കിവെച്ച പിണറായി വിജയൻ വന്ന് ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാർ മുഴുവൻ അദ്ദേഹത്തോട് ചോദിച്ചോളും. ആരാണീ കുടിശ്ശിക ഉണ്ടാക്കിയത്, ഞങ്ങളാണോ? അത് പിണറായിയുടെ സർക്കാരാണ്. മെഡിസെപ്പ്, ലീവ് സറണ്ടർ അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിവെച്ചത് അദ്ദേഹത്തിന്റെ സർക്കാരാണ്. 87,000 കോടിയുടെ കടം വരുത്തിവെച്ച് എന്നോട് ചോദിക്കുകയാണ് ഡിഎ കുടിശ്ശിക കൊടുക്കണ്ടേയെന്ന്. അത് ചോദിക്കാനുള്ള അർഹത അദ്ദേഹത്തിനില്ല. ഒരു ഗഡു പോലും കുടിശ്ശിക വരുത്തില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. 25 വർഷം പിന്നിലാണ് കേരളം ഇപ്പോഴുള്ളത്. ഞങ്ങൾ അധികാരത്തിൽ വന്നത് കേരളത്തെ 25 വർഷം മുന്നിലേക്ക് നടത്തിക്കാനാണ്. കേരളത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കും. ആ പണം കൊണ്ട് ക്ഷേമപദ്ധതികൾ നടപ്പാക്കും. അഞ്ച് പൈസ കൈയിലില്ല, എന്നിട്ടും വീണ്ടും പഴയുതപോലെയാവണമെന്നാണ് അവർ പറയുന്നത്. ഞങ്ങൾ ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളോട് പറഞ്ഞിട്ടാണ് അധികാരത്തിൽ വന്നത്. ഒരു പൊതുമേഖലാ സ്ഥാപനവും വിറ്റഴിക്കുമെന്ന് ബജറ്റിൽ പറഞ്ഞട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *